തിരുവനന്തപുരം: കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചേക്കുന്നെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളിന് പുറമെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആക്രമണ സാധ്യതയുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരുന്നു എന്ന ഭയത്താല്‍ ചില ആപ്പുകളും ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് കൈമാറിയ കത്തില്‍ പറയുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. 250 പേര് കൊല്ലപ്പെട്ട ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേര് നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നാലെ കേരളാ തീരത്ത് ജാഗ്രത വേണമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് നല്കുന്ന മുന്നറിയിപ്പ്.
Discussion about this post