കൊച്ചി: നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ശീലമായി സംസാരിച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് പൂര്‍ണ്ണ പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ യുവതിക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്.
‘ഒരു മനുഷ്യനെന്ന നിലയിലും ഒരു സ്ത്രീയെക്കുറിച്ചും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ ഇതില്‍ പൂര്‍ണ്ണമായും മൃദുലയ്ക്കൊപ്പമാണ്. ഇത് മാപ്പര്‍ഹിക്കാത്തതും മര്യാദയില്ലാത്തതുമാണ്. ദളിതനും സ്ത്രീയും എന്ന നിലയില്‍ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുമായി പൊരുതുന്ന ഒരാളാണ് മൃദുല’ എന്നാണ് റിമ പറഞ്ഞത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗമെന്ന നിലയില്‍ ഒരു സ്ത്രീയെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും ഡബ്ല്യുസിസി ശക്തമായി അപലപിക്കുകയും അവളുടെ അഭിമാനത്തെ ഹനിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്നും റിമ പ്രതികരിച്ചു.
അതേസമയം ഈ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് വിനായകന്‍ പറഞ്ഞിരിക്കുന്നത്. ‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ എന്നാണ് വിനായകന്‍ പ്രതികരിച്ചത്.
യുവതിയുടെ പരാതിയില്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.