തിരുവനന്തപുരം: പ്രളയാനന്തരം കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചത് സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഒരു പോലെ തിരിച്ചടിയായി. ആര്‍ബിഐ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര യോഗം വിളിക്കാന്‍ ഒരുങ്ങുകയാണ്. യോഗത്തിന് മുഖ്യമന്ത്രിയോട് അനുമതി ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ യോഗം വിളിക്കാനാണ് ആവശ്യപ്പെടുക.
കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്സ് സമിതിക്ക് കൈമാറിയിരുന്നു. എന്നാല്‍, മുമ്പ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആര്‍ബിഐ.
ഇതോടെ നിര്‍ത്തിവെച്ച ജപ്തി നടപടികളിലേക്ക് വീണ്ടും നീങ്ങാനുള്ള സാഹചര്യം ബാങ്കുകള്‍ക്ക് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്. ആര്‍ബിഐയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചേക്കും. ആര്‍ബിഐ തീരുമാനം മാറാതെ ബാങ്കുകള്‍ക്ക് ജപ്തി നടപടിയില്‍ നിന്ന് പിന്മാറാനും സാധിക്കില്ല. ആവശ്യമെങ്കില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറെ നേരിട്ട് കാണുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.
Discussion about this post