ആലപ്പുഴ: ഇന്ന് രാവിലെ ആലപ്പുഴയുടെ പുതിയ കളക്ടറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഡോ. അദീല അബ്ദുല്ല. ചുമതലയേല്‍ക്കും മുമ്പ് ആലപ്പുഴക്കാരോടായി ചിലത് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അവര്‍. ‘ഞാനൊരു സാധാരണക്കാരിയാണു കേട്ടോ. ചില വാര്‍ത്തകളില്‍ കാണുന്നതുപോലെ ഭീകരിയൊന്നുമല്ല’ അദീല പറയുന്നു.
‘ആലപ്പുഴ അത്ര പരിചയമുള്ള സ്ഥലമല്ല, ചില പരിചയക്കാരുണ്ട്. അവരെ കാണാന്‍ എല്ലാ വര്‍ഷവും വരാറുണ്ട്. അത്ര മാത്രം’ അദീല കൂട്ടിച്ചേര്‍ത്തു. സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ എസ് സുഹാസിന്റെ സിവില്‍ സര്‍വീസ് ബാച്ചുകാരി തന്നെയാണ് അദീലയും. ഇരുവരും തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പുതിയ കളക്ടറുടെ സര്‍വീസില്‍ മറ്റൊരു പ്രത്യേകതയുണ്ട്. ഇതുവരെ ജോലി ചെയ്തതെല്ലാം തീരമേഖലയിലാണ്. ഇപ്പോള്‍ ആലപ്പുഴയിലും ഇതേ അവസ്ഥ തന്നെ.
മുന്‍പു ജോലി ചെയ്തതു ഫോര്‍ട്ട് കൊച്ചിയിലും തിരൂരിലും സബ് കലക്ടര്‍, കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ചുമതലകളുമാണ് വഹിച്ചിട്ടുള്ളത്. ഡോക്ടറുടെ ജോലിയെക്കാള്‍ വിശാലമായ ലോകമാണെന്നു കണ്ടാണു സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയതെന്ന് അദീല മുമ്പ് പ്രതികരിച്ചിരുന്നു. നാല് മാസത്തോളമായിരുന്നു സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം. ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ശ്രമം നടത്തിയത്. തീരുമാനമെടുക്കാനുള്ള കരുത്തും കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ളൊരു മനസ്സുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് മികച്ച രംഗമാണെന്ന് അദീല പറയുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് അദീല അബ്ദുല്ല. ഭര്‍ത്താവ് ഡോ. റബീ പെരിന്തല്‍മണ്ണ സ്വദേശി. ഏറ, ഹെയ്‌സണ്‍ എന്നിവര്‍ മക്കള്‍.