കോഴിക്കോട്: നീണ്ട 28 വര്‍ഷം ഗിരീഷിന്റെ വീട്ടില്‍ അടിമ വേല ചെയ്യുകയായിരുന്ന ആദിവാസി പെണ്‍കുട്ടിക്ക് കളക്ടര്‍ സാംബശിവറാവുവിന്റെ ഇടപെടലില്‍ മോചനം. ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെയാണ് മോചിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയത്.
പന്നിയങ്കര സ്വദേശി പികെ ഗിരീഷിന്റെ വീട്ടിലാണ് കഴിഞ്ഞ 28 വര്‍ഷമായി ആദിവാസി യുവതി അടിമവേല ചെയ്തുകൊണ്ടിരുന്നത്. പരാതി ലഭിച്ചപ്പാടെ സംഭവത്തില്‍ സബ് കളക്ടര്‍, ലേബര്‍ ഓഫീസര്‍, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും പെണ്‍കുട്ടി അടിമ വേല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മനസിലായത്. ഉടനെ മോചിപ്പിക്കാനുള്ള ഉത്തരവ് ഇറക്കുകയായിരുന്നു.
ശിവയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോ, ജോലിക്കുള്ള പ്രതിഫലം കൃത്യമായി നല്‍കുന്നതിനോ വീട്ടുടമസ്ഥനായ ഗിരീഷ് ശ്രമിച്ചില്ലെന്നും പരാതിയുണ്ട്. ശിവയുടെ ആധാര്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു എന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് അമ്മ മരിക്കുന്നതുവരെ 300-400 രൂപ പ്രതിഫലമായി അമ്മയ്ക്ക് നല്‍കിയിരുന്നതായി ശിവ മൊഴി നല്കി. എന്നാല്‍ അമ്മയുടെ മരണം കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് അറിയിച്ചതെന്നും ശിവ പറയുന്നു.
സാഹചര്യങ്ങള്‍ ചൂഷണം ചെയ്താണ് വീട്ടുടമസ്ഥന് ശിവയെ അടിമ വേല ചെയ്യിപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ശിവയ്ക്ക് ഇതുവരെ നല്‍കാനുള്ള തുക പലിശ സഹിതം നിശ്ചയിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ (എന്‍ഫോഴ്സ്മെന്റ്) ചുമതലപ്പെടുത്തി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍, കോഴിക്കോട് തഹസില്‍ദാര്‍ തുടങ്ങിയവര്‍ ശിവയ്ക്ക് ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കാനുള്ള നടപടികള്‍ സുഗമമാക്കും.
ശിവയ്ക്കു മതിയായ പ്രതിഫലം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും ഇതുവരെ നല്‍കാനുള്ള തുക ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം നടപടികള്‍ എടുത്ത് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവില്‍ പറയുന്നത്.
Discussion about this post