തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്ക്കറിന്റെ മരണത്തിനിടയാക്കിയ കാറപകടം പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്. ബാലഭാസ്ക്കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട തിരുവനന്തപുരം പള്ളിമുക്കിലാണ് അന്ന് രാത്രി ബാലഭാസ്കര്‍ സഞ്ചരിച്ച മോഡല്‍ കാര്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ട്രയല്‍ റണ്‍ വീക്ഷിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
ടൊയോട്ട കമ്പനി നല്കിയ ഇന്നോവ കാര്‍ ഉപയോഗിച്ചാണ് അപകടം പുനഃസൃഷ്ടിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സര്‍വീസ് എഞ്ചിനീയേഴ്സ്, ഫോറന്‍സിക് എക്സ്പേര്‍ട്ട്, എന്നിവരും ചേര്‍ന്നാണ് ട്രയല്‍ റണ്‍ നടത്തിയത്. ട്രയല്‍ റണ്‍ നടന്ന സമയത്ത് പ്രദേശത്തെ വാഹന ഗതാഗതം ഹൈവേ പൊലീസ് നിയന്ത്രിച്ചിരുന്നു.
മംഗലാപുരം ഭാഗത്തു നിന്നും അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചുകൊണ്ടുവന്ന വാഹനം, ബാലഭാസ്ക്കറിന്റെ കാര്‍ ഇടിച്ചു കയറിയ മരത്തിന് ഒരുമീറ്റര്‍ അകലെ പെട്ടെന്ന് നിര്‍ത്തിയാണ് പരിശോധന നടത്തിയത്. വാഹനം ഇടിച്ചു കയറിയാലുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
അപകടം നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് ഏതൊക്കെ രീതിയില്‍ പരിക്ക് സംഭവിച്ചിരുന്നിരിക്കാം എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനു ശേഷം നിഗമനത്തില്‍ എത്തിച്ചേരുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
Discussion about this post