ആലപ്പുഴ: രണ്ടരമാസം മുമ്പ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. ദുബായിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വര്‍ണ്ണകടത്ത്.
രണ്ടര മാസം മുന്‍പാണ് വിമാനത്താവളത്തിലെ ടോയിലെറ്റില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. എന്നാല്‍ ഇത് ആരാണ് ടോയിലെറ്റില്‍ വച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരാണോ ഇതിന് പിന്നിലെന്ന് വരെ സംശയിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ സ്വര്‍ണ്ണം ഉപേക്ഷിച്ച് കടന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യാത്രക്കാരില്‍ സ്ഥിരമായി വിമാനത്താവളത്തിലെത്തുന്നവരെ തരംതിരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി. ഇതിലൂടെയാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ദുബായിയിലേക്ക് മടങ്ങിയ ഇവര്‍ ഇന്ന് രാവിലെ തിരികെ കേരളത്തിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റിലായത്.
Discussion about this post