ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ല, നിയമം നിയമത്തിന്റെ വഴിക്കു പോകും, കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കട്ടെ; മേഴ്‌സിക്കുട്ടിയമ്മ

കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും, ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. പാര്‍ട്ടിയെ ഇക്കാര്യം ഒരു തരത്തിലും ബാധിക്കില്ല. പാര്‍ട്ടിയിലെ ആരും ഇതില്‍ ഇടപെടാനും പോകുന്നില്ല, ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പാര്‍ട്ടി പിബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Exit mobile version