തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന വിഷ്ണുവും പ്രകാശന് തമ്പിയും വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയത് 200 കിലോയിലേറെ സ്വര്‍ണ്ണമെന്ന് റവന്യൂ ഇന്റലിജന്‍സ്. എല്ലാം ബാലഭാസ്കറിന്റെ മരണത്തിന് ശേഷമാണെന്നും ബാലഭാസ്കര്‍ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വര്‍ണം കടത്തിയതായി തെളിവില്ലെന്നും ഡിആര്‍ഐ അറിയിച്ചു. സ്വര്‍ണ്ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന് തമ്പി പരിചയപ്പെട്ടതു ബാലഭാസ്കറിന്റെ പേര് പറഞ്ഞാണെന്നും മൊഴി ലഭിച്ചു.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളാണെന്ന് ഉറപ്പിക്കുകയാണു ഡിആര്‍ഐ. പ്രകാശന് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് ഡിആര്‍ഐ പറയുന്നത്. ആദ്യം അറസ്റ്റിലായ അഡ്വ. ബിജുവിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നയാളായിരുന്നു വിഷ്ണു. ദുബായിയിലെത്തുന്ന കാരിയര്‍മാര്‍ക്കു സ്വര്‍ണ്ണം എത്തിച്ച് നല്‍കുന്നതും സൗകര്യങ്ങളേര്‍പ്പാടാക്കുന്നതും വിഷ്ണുവിന്റെ ജോലിക്കാരാണെന്നും ഡിആര്‍ഐ പറയുന്നു.
നവംബര്‍ മുതല്‍ മേയ് വരെയുള്ള ഏഴു മാസങ്ങളിലായി പ്രകാശന് തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിയിലേക്കു യാത്ര ചെയ്തു. സ്വര്‍ണ്ണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ യാത്രകള്‍ സ്വര്ണ്ണക്കടത്തിനാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണസംഘം. ഇത്രയും യാത്രകളിലായി പ്രകാശന് തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണു നിഗമനം. എന്നാല്‍ ഈ സ്വര്‍ണ്ണക്കടത്തെല്ലാം ബാലഭാസ്കര്‍ മരിച്ചതിനു ശേഷമാണ്. അതിനു മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായിയിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുള്ളതായി കരുതുന്നില്ല.
കൂടാതെ, ബാലഭാസ്കറിന്റെ മരണശേഷമാണ് ആ പേരു പറഞ്ഞ് പ്രകാശന് തമ്പി പരിചയപ്പെട്ടതെന്നു സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് മൊഴി നല്‍കിയിട്ടുമുണ്ട്.
Discussion about this post