സൗമ്യ മരിച്ചത് ഇനിയും അറിയാതെ പ്രവാസിയായ ഭര്‍ത്താവ് സജീവ്; ലിബിയയില്‍ നിന്നും നാളെയെത്തും

സജീവ് ലിബിയയില്‍ ജോലിക്കായി പോയിട്ട് ഒരു മാസം പോലുമായിട്ടില്ല.

വള്ളികുന്നം: രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്ന തന്റെ ഭാര്യ സൗമ്യ അക്രമിയുടെ അഗ്നിക്കിരയായത് അറിയാതെ ഭര്‍ത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവ് നാളെ നാട്ടിലെത്തും. സജീവ് എത്തിക്കഴിഞ്ഞാല്‍ ഓച്ചിറയില്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോകും. നാളെത്തന്നെ ചടങ്ങുകള്‍ നടന്നേക്കും.

സജീവ് ലിബിയയില്‍ ജോലിക്കായി പോയിട്ട് ഒരു മാസം പോലുമായിട്ടില്ല. ലിബിയയില്‍നിന്നു തുര്‍ക്കിയിലേക്കെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആയിരിക്കും സജീവ് എത്തുക. ഇന്നലെ ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയെഴുതിയതിനു ശേഷം ഉച്ചകഴിഞ്ഞ് ഡ്യൂട്ടിക്കായി വള്ളികുന്നം സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അഗ്നിക്കിരയായത്. ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസ് സൗമ്യയെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിയും കുത്തിയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമയിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ സൗമ്യ മരണത്തിന് കീഴടങ്ങി. 40 ശതമാനത്തോളം പൊള്ളലേറ്റ് പ്രതി അജാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലാണ് അജാസിന്റെ നിലയെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version