തിരുവനന്തപുരം: തനിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി പണം തട്ടാനുള്ള ബ്ലാക്ക് മെയിലിങാണെന്ന് വിശദീരിച്ച് ബിനോയ് കോടിയേരി. വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ഇവര്‍ നേരത്തേയും തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴുള്ള പരാതിയില്‍ അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി.
‘അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ആറുമാസം മുമ്പെ ഇവര്‍ ഒരു കത്ത് നല്‍കിയിരുന്നു. ഞാനവരെ കല്യാണം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ വരുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടും’- ബിനോയ് കോടിയേരി പറഞ്ഞു.
ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്ന യുവതിയുടെ ആരോപണം തെളിയിക്കാന്‍ താന്‍ അവരെ വെല്ലുവിളിച്ചിരുന്നതാണ്. പിതൃത്വം തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ട്. അതിനൊന്നും അവര്‍ തയ്യാറാവുന്നില്ല. ഒരു ബ്ലാക്ക് മെയിലിങ് മോഡിലാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുള്ളതായി അറിയില്ല. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ കണ്ടെത്താന്‍ സാധിക്കൂവെന്നും ബിനോയ് പറഞ്ഞു.
ദുബായിയില്‍ ഡാന്‍സ് ബാറിലെ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നു കാട്ടി അന്ധേരി ഓഷിവാര പോലീസിലാണ് 33കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും വിവാഹിതനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.