തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനുജന്റെ സംരക്ഷണം രണ്ട് മാസത്തേയ്ക്ക് കൂടി കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കി. കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി അവന്‍ ആ കരങ്ങള്‍ സുരക്ഷിതനാണെന്നും, സന്തോഷവാന്‍ ആണെന്നും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രണ്ട് മാസത്തേയ്ക്ക് കൂടി അച്ഛന്റെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കിയത്. സംരക്ഷണം തല്‍ക്കാലം മാതാവിന് കൊടുക്കേണ്ട എന്ന നിലപാടാണ് കൈകൊണ്ടിരിക്കുന്നത്.
കുട്ടിയുടെ മാതാവിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ കുട്ടിയെ ഇന്നലെ ഹാജരാക്കാനും തുടര്‍നടപടി സംബന്ധിച്ച് ഇവരോട് തീരുമാനമെടുക്കാനും കോടതി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കുട്ടിയെ പിതാവിന്റെ മാതാപിതാക്കള്‍ ഇടുക്കി സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയത്.
കുട്ടിയുടെ മാനസിക നില സംബന്ധിച്ച് പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ജയപ്രകാശിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമെ മാസത്തിലൊരിക്കല്‍ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതികളും വിലയിരുത്തും. കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്‌കൂളിലും ഉള്‍പ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദര്‍ശിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.
കുട്ടിയുമായി ഫോണില്‍ സംസാരിക്കാനുള്ള അനുമതി മാതാവിന് കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് 17നു വീണ്ടും കുട്ടിയെ സിഡബ്ല്യുസി മുമ്പാകെ വീണ്ടും ഹാജരാക്കണം. നേരത്തെ കുട്ടിയുടെ സംരക്ഷണം ഒരു മാസത്തേക്ക് ചൈല്‍ഡ് വെയല്‍ഫയര്‍ കമ്മിറ്റി പിതാവിന്റെ രക്ഷിതാക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. പിന്നീട് കുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അതിനു തയ്യാറായില്ല. കുട്ടിയുടെ സംരക്ഷണം പൂര്‍ണ്ണമായി തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ഹാജരാക്കാതിരുന്നത്. തുടര്‍ന്നാണ് മാതാവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post