കൊച്ചി: നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറിയതായി വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോക്ടര്‍. എന്നാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ അറിയിച്ചു.
വവ്വാലിന്റെ പ്രചനന കാലത്താണ് വൈറസ് പടരുന്നത്. എന്നാല്‍ ഭയപെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. വവ്വാലിന്റെ പ്രചനന കാലം ഡിസംബര്‍ മുതല്‍ മെയ് വരെയാണ്. ആ സമയത്ത് വവ്വാല്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
നിപ്പാ രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ സാമ്പിളുകളില്‍ നടത്തിയ അവസാന രാസപരിശോധന ഫലങ്ങളെല്ലാം തന്നെ നെഗറ്റീവാണ്. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയെന്ന് വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോ. ബോബി വര്‍ക്കി പറഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല. രോഗിക്ക് ഇടവിട്ട് പനിക്കുന്നുണ്ട്. ശ്വാസമെടുക്കുന്നതിലും തടസമുണ്ട്. പൂര്‍ണ്ണമായും സുഖപ്പെട്ടാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു.
മറ്റാരിലും നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വവ്വാല്‍ കടിച്ച എന്തെങ്കിലും കഴിച്ചതില്‍ നിന്നാകാം യുവാവിന് വൈറസ് ബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍.