ആലപ്പുഴ: മരിച്ചു കഴിഞ്ഞാല്‍, തന്റെ ചിതാഭസ്മം ഒഴുക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഒരു മുസല്മാന് ആയിരിക്കുമെന്ന് തുറന്ന് പറഞ്ഞ് എഴുത്തുകാരന് ടി പത്മനാഭന്. തനിക്ക് മക്കളില്ലാത്തതിനാലാണ് ഒരു മുസല്മാനോട് ഇക്കാര്യങ്ങള്‍ പറഞ്ഞ് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയിലൊഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു.’ ടി പത്മനാഭന് പറയുന്നു. താനൊക്കെ സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല. ഇന്ന് നമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്.
അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണം. രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതി വാല് ചേര്‍ക്കുകയാണെന്നും അദ്ദേഹം തുറന്ന് പറയുന്നു. ടി പത്മനാഭന്റെ വാക്കുകളെ നിറകൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
Discussion about this post