കൊച്ചി: കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒടുവില്‍ കേരളത്തിനും സ്വന്തമായ ലൈറ്റ് മെട്രോ പദ്ധതിക്ക് ഇന്ന് രണ്ട് വയസ്. കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ പുത്തന്‍ യാത്രാ സംസ്കാരം നല്കിയ കൊച്ചി മെട്രോയില്‍ ഉദ്ഘാടന ദിവസം മുതല്‍ ഇതുവരെ യാത്ര ചെയ്ത് 2 കോടി 58 ലക്ഷം പേരാണ്. പ്രവര്‍ത്തന ചെലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാനും മെട്രോയ്ക്ക് സാധിക്കുന്നുണ്ടെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോയുടെ നേട്ടം. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.
ടിക്കറ്റ് വരുമാനം മാത്രം 83 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനം 68 കോടി രൂപ. പ്രതിദിനം ശരാശരി 40,000 യാത്രക്കാര്‍. വാരാന്ത്യം ഈ സംഖ്യ 45,000 വരെയെത്തും. ഇതൊക്കെയാണ് സ്വന്തമാക്കിയ നേട്ടങ്ങള്‍. നഗരശൃംഖല വ്യാപിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ. ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള ഭാഗം ഓഗസ്റ്റ് പകുതിയോടെ ഗതാഗത യോഗ്യമാക്കും. പേട്ടയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഡിഎംആര്‍സിയാണ് ഇത് വരെയുള്ള നിര്‍മ്മാണങ്ങളുടെ ചുമതല.
എന്നാല്‍ തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ നിര്‍മ്മാണം മുതല്‍ കെഎംആര്‍എല്‍ നേരിട്ട് ഏറ്റെടുക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിനും വേഗമേറും.
Discussion about this post