തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരില്‍ പെറ്റമ്മയെ വീടിനു പുറത്തെ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഭക്ഷണം പോലും നല്‍കാതെയാണ് ഈ കൊടുംക്രൂരത ചെയ്തത്. ലോകം ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന ദിനത്തിലാണ് പെറ്റമ്മയോടുള്ള ക്രൂരത പുറംലോകം അറിഞ്ഞത്. പോലീസ് ഇടപെട്ട് അമ്മയെ കുന്നപ്പുഴയിലെ അഭയകേന്ദ്രത്തിലെത്തിച്ചു.
വൃത്തിഹീനമായ ശുചിമുറിക്കുള്ളില്‍ നിന്ന് രക്ഷയ്‌ക്കെത്തിയവരുടെ വിളികേട്ടാണ് ആ അമ്മ പുറത്തേയ്ക്ക് വന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ചങ്ക് തുളയ്ക്കുന്ന കാഴ്ചയായിരുന്നു അത്. മെലിഞ്ഞ് ഒട്ടിയ അമ്മയെ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തം, ആഹാരം കഴിച്ചിട്ട് നാളുകള്‍ ഏറെയായെന്ന്. എന്തിനാണ് ശുചിമുറിയില്‍ ഇരിക്കുന്നതെന്ന വിവരം തിരക്കിയപ്പോഴും മകന്റെയും മരുമകളുടെയും ക്രൂരതകള്‍ ആ അമ്മ വെളിപ്പെടുത്തിയില്ല. ഇതാണ് ഏറെ വേദനാജനകം.
നേമം പോലീസ് എത്തിയാണ് ഈ അമ്മയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കുന്നപ്പുഴയിലെ സ്വപ്നക്കൂടിലേയ്ക്കാണ് ഈ അമ്മയെ മാറ്റിയത്. വയറു നിറച്ച് ഭക്ഷണം, കിടക്കാന്‍ ഇടം. ആ അമ്മയുടെ നിറകണ്ണുകള്‍ ശാപവാക്കുകളേക്കാള്‍ മൂര്‍ഛയേറിയതാണെന്ന് സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നു.