തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞിരിക്കുകയാണ് രോഗികള്‍. രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറ് മണിവരെ ഒപി പ്രവര്‍ത്തിക്കില്ല.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്‍ക്കുന്നവരില്‍ പലരും. ഇന്ന് ഡോക്ടറെ കാണാനായില്ലെങ്കില്‍ ഇവര്‍ പരിശോധനക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. തിരുവനന്തപുരത്ത് 10 മണിക്ക് ശേഷം ഒപി തുറക്കുമെന്നാണ് അറിയുന്നത്. തൃശ്ശൂരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കണം 10 മുതല്‍ 12 വരെയാണ്. കൊച്ചിയില്‍ ഇത് 9 മണി വരെയായിരുന്നു.
ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലെ ഡോക്ടര്‍മാരും സമരം നടത്തുന്നത്. അതേസമയം ആര്‍സിസി യില്‍ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.