കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായിട്ടാണെന്ന് പിജെ ജോസഫ്. അതിനാല്‍ യോഗ തീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നു. എന്നാല്‍ പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത, കോട്ടയത്ത് ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണ്. അതിനാല്‍ യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബന്ദല്‍ സംസ്ഥാന സമിതി യോഗമാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയുടെ പേരില്‍ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക.
സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാര്‍ പിജെ ജോസഫിനൊപ്പം നില്‍ക്കുന്നവരാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. ജോസ് കെ മാണിക്കൊപ്പം റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നീ എംഎല്‍എമാരാണുളളത്.
കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തിട്ടുണ്ട്. നാല് ജില്ലാ അധ്യക്ഷന്മാര് വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. സിഎഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കളും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Discussion about this post