മാവേലിക്കര: മാവേലിക്കരയിലെ വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യ പുഷ്പാകരനെ അഗ്നിക്കിരയാക്കിയ എന്‍എ അജാസ് പോലീസ് സേനയിലെ തന്നെ അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനെന്ന് സാക്ഷ്യപ്പെടുത്തി സഹപ്രവര്‍ത്തകര്‍. സേനയിലെ തന്നെ തലതിരിഞ്ഞ പ്രകൃതക്കാരനായിരുന്നു അജാസെന്ന് പരിചയക്കാര്‍ പറയുന്നു. 2018 ജൂലൈ ഒന്നിനാണ് ആലുവ ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശ്ശേരി എആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു.
ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി വലിയ അടുപ്പം പുലര്‍ത്താറില്ലെന്നാണ് വിവരം. സൗഹൃദ സദസുകളില്‍ ഒന്നും താല്‍പര്യമില്ലാതിരുന്ന അജാസ്, പോലീസിന്റെ അച്ചടക്കം കാണിക്കാറില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
സൗമ്യയെ കൊലപ്പെടുത്തുന്നതിനു ഒരാഴ്ച മുമ്പ് വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തിരുന്നു. കൊല്ലപ്പെട്ട സൗമ്യയെ തൃശ്ശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നും പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. വാഴക്കാലയിലാണ് വീട്.
അതേസമയം, തൃശ്ശൂര്‍ കെഎപി ബറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പോലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോള്‍ പരിശീലനം നല്‍കാന്‍ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീടുണ്ടായ തര്‍ക്കങ്ങളുമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മുമ്പും സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് ശ്രമിച്ചിരുന്നെന്നും സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നെന്നും മാതാവ് ഇന്ദിര വെളിപ്പെടുത്തുന്നു.
Discussion about this post