കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് പിളര്‍പ്പിനരികില്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസി(എം)ലെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ഇരുപക്ഷവുമായി സംസാരിച്ചു. ഫോണിലാണ് പിജെ ജോസഫുമായും ജോസ് കെ മാണിയുമായും നേതാക്കള്‍ സംസാരിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇരുപക്ഷവും തയ്യാറല്ല. പിളര്‍പ്പ് ഒഴിവാക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായല്ല ഇരുകൂട്ടരുടേയും പ്രതികരണം.
മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയും തര്‍ക്കത്തില്‍ ഇടപെട്ടിട്ടുണ്ട്. പിളര്‍പ്പിലേക്ക് പാര്‍ട്ടി നീങ്ങരുതെന്നും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെയുള്ള സാഹചര്യത്തില്‍ പിളര്‍പ്പ് തിരിച്ചടിയാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പിജെ ജോസഫ് ഇ-മെയില്‍ അയച്ചിരുന്നു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ജോസ് കെ മാണി ഉള്‍പ്പടെയുള്ളവര്‍ക്ക് അയച്ച ഇ-മെയിലില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ജോസ് കെ മാണി ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിടുന്നതിനു തുല്ല്യമാണെന്നും യോഗത്തില്‍ പങ്കെടുക്കരുതെന്നുമാണ് നേതാക്കള്‍ക്ക് പിജെ ജോസഫ് നല്‍കുന്ന മുന്നറിയിപ്പ്.
ഇതിനിടെ, ജോസ് കെ മാണിയാണ് പാര്‍ട്ടിയിലെ തര്‍ക്കപരിഹാര ശ്രമങ്ങള്‍ അട്ടിമറിച്ചതെന്ന ആരോപണവുമായി ജോയ് എബ്രഹാം രംഗത്തെത്തി. ജോസഫുമായി ചര്‍ച്ചയ്ക്ക് തന്നെ അയച്ചുവെന്നും പിന്നീട് വേണ്ടെന്നു വെച്ചെന്നും ജോയ് പറയുന്നു. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അവകാശം ജോസ് കെ മാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നത്തെ യോഗത്തില്‍ ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കാനാണ് സാധ്യത. പുതിയ കമ്മിറ്റി പാര്‍ട്ടിയിലെ മറ്റ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പിളര്‍പ്പിന് തൊട്ട് മുന്‍പും ജോസ് വിഭാഗം നേതാക്കള്‍ പറയുന്നു.
നേരത്തെ, പിജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്റെ നീക്കം. പാര്‍ട്ടി ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയും എടുക്കും.