കൊച്ചി: തനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ അഴിച്ചുവിട്ട് വാര്‍ത്തകള്‍ സൃഷ്ടിച്ചും ചര്‍ച്ച നടത്തിയും ടിആര്‍പി റേറ്റ് കൂട്ടാനുള്ള ശ്രമം നടത്തുന്ന മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് നേഴ്സിങ് സംഘടന യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ. തന്നെ ചതിയനാക്കാന്‍ പാടുപെടുന്ന മാതൃഭൂമി ആദ്യം സഹോദര സ്ഥാപനമായ പിവിഎസ് ആശുപത്രിയിലെ തൊഴില്‍ ചൂഷണങ്ങള്‍ വെളിച്ചത്തു കൊണ്ടു വരണമെന്നും അത് വാര്‍ത്തയാക്കാന്‍ ധൈര്യം കാണിക്കണമെന്നും ജാസ്മിന് ഷാ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുകയും ചെയ്യുന്ന നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തിന് താന്‍ ടിആര്‍പി റേറ്റ് കൂട്ടാനുള്ള ഒരു ഇര മാത്രമാണെന്ന് അറിയാമെന്നും അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുന്ന വസ്തുതകള്‍ കണ്ണടച്ച് ഇരുട്ടാക്കി ഇങ്ങനെ ഒരു പ്രബന്ധം അവതരിപ്പിക്കുമോ ഒരു മാധ്യമമെന്നും ജാസ്മിന് ഷാ മാതൃഭൂമിയോടായി ചോദിക്കുന്നു. ആശുപത്രി മാനേജ്മെന്റുകളുമായി യുഎന്‍എയുടെ അവൈലബിള്‍ എക്സിക്യൂറ്റീവ് അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും ഉള്‍പ്പെട്ട സംഘം നടത്തിയ ചര്‍ച്ചയെ നേഴ്സുമാരോടുള്ള ചതിയായി ചിത്രീകരിച്ച മാതൃഭൂമിയെ കുറ്റപ്പെടുത്തുകയായിരുന്നു ജാസ്മിന് ഷാ.
ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എന്നെ ചതിയനാക്കാന്‍ പാട് പെടുന്ന പി വി എസ് ആശുപത്രിയുടെ സഹോദര സ്ഥാപനമായ പ്രിയ മാതൃഭൂമീ..നിങ്ങള്‍ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത് ? സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാരുമായും ,മാനേജുമെന്റുമായും ,മറ്റ് ട്രേഡ് യൂണിയനുകളുമായും ,രാഷ്ട്രീയ പാര്‍ട്ടികളുമായും ,സാമൂഹ്യ -സാംസ്കാരിക നേതാക്കളുമായും ചര്‍ച്ച നടത്തുന്നത് ലോകത്തിലെ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണോ ? സമരം നടക്കുന്നത് ഒരു മാനേജുമെന്റിനെ ആയിട്ടാണെങ്കില്‍ അവരുമായും ,സംസ്ഥാനമാകെയുള്ള വിഷയമാണെങ്കില്‍ അതില്‍ ഉള്‍പ്പെടുന്ന പല വിഭാഗം മാനേജുമെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റ് ? ഞാന്‍ ഒറ്റയ്ക്ക് രഹസ്യമായി ചര്‍ച്ച നടത്തിയതെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ശെരിയാണ് …’ഞാന്‍ ചതിയനാണ് ‘..ഇത് അവൈലബിള്‍ ആയ എക്സിക്യൂറ്റീവ് അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും എല്ലാവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ച എങ്ങനെയാണ് എന്റെ ചതിയായി രൂപാന്തരം സംഭവിക്കുന്നത്? ആടിനെ പട്ടിയെയും പട്ടിയെ പേപ്പട്ടിയാക്കും ‘ തല്ലി കൊല്ലുന്ന നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തിന് ഞാനും ടി ആര് പി റേറ്റ് കൂട്ടാനുള്ള ഒരു ഇര മാത്രമാണെന്ന് അറിയാം. അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുന്ന വസ്തുതകള്‍ കണ്ണടച്ച് ഇരുട്ടാക്കി ഇങ്ങനെ ഒരു പ്രബന്ധം അവതരിപ്പിക്കുമോ ഒരു മാധ്യമം ..? നിങ്ങള്‍ തന്നെ പറയുന്നു ഞാന്‍ നിര്‍ദേശിച്ച ശമ്പളമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് .ഞാന്‍ പറയുന്നത് നടപ്പിലാക്കാന്‍ മാത്രം എന്നോട് ഇഷ്ടം അധികരിച്ചു നില്ക്കുന്ന സര്‍ക്കാര്‍ ആണോ ഇത് ? അത് കൊണ്ടാവും രണ്ട് മാസത്തിനുള്ളില്‍ മൂന്ന് അന്വേഷണ സംഘത്തെ മാറ്റി മാറ്റി വെച്ചതും ഇപ്പോള്‍ എഫ് ഐ ആര് ഇട്ടിരിക്കുന്നതും !
സമരത്തില്‍ വെയ്ക്കുന്ന ശമ്പള ആവശ്യം സമവായതിലൂടെയും ചര്‍ച്ചയിലൂടെയുമാണ് ഒരു അന്തിമ ധാരണയില്‍ എത്തുക .മാനേജുമെന്റ് പ്രതിനിധികളുമായി ഞങ്ങളുടെ പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചയില്‍ ഒരു തീരുമാനവും ആയിരുന്നില്ല .സര്‍ക്കാര്‍ തീരുമാനം നീണ്ടു പോവുകയാണെങ്കില്‍ ,ചര്‍ച്ചക്ക് വന്ന ആശുപത്രി മാനേജുമെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ മിനിമം ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണം ,അതായിരുന്നു ആവശ്യം . ഈ ചര്‍ച്ചയുടെ ഭാഗമായി ഞാനോ എന്റെ സംഘടനയോ നയാ പൈസ യുടെ സഹായമോ ആനുകൂല്യമോ ആശുപത്രി മാനേജുമെന്റുകളില്‍ നിന്ന് കൈപ്പറ്റിയതായി ഈ മഹാന്മാര്ക്ക് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ ?
നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രശനങ്ങളെ കുറിച്ച് എന്താണ് അറിയുക ? ലോണടക്കാന്‍ നിവൃത്തിയില്ലാതെ ,മക്കളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാന്‍ പറ്റാതെ ,വീട്ടില്‍ ദാരിദ്ര്യം പച്ചയായി നിന്നു വെല്ലു വിളിക്കുമ്പോള്‍ കിട്ടുന്നത് എത്രയാണെങ്കിലും ആ ശമ്പള വര്‍ദ്ധനവ് ഞങ്ങള്‍ക്ക് വലുതാണ് !അതിനു വേണ്ടിയാണ് ഞങ്ങള്‍ കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്ത കോര്‍പ്പറേറ്റുകളോട് യുദ്ധം ചെയ്തത് .നിങ്ങള്‍ക്ക് ഒരല്പമെങ്കിലും നേഴ്സിംഗ് സമൂഹത്തോട് ആത്മാര്‍ത്ഥതയുണ്ടങ്കില്‍ നിങ്ങള്‍ ഒരു റിപ്പോര്‍ട്ടറെ സഹോദര സ്ഥാപനമായ പിവിഎസിലേക്ക് വിടൂ ..
കണ്ണ് തുറന്നു കാണൂ ..എല്ലാ തൊഴില്‍ നിയമങ്ങളെയും അവകാശങ്ങളെയും നഗ്നമായി ധിക്കരിച്ചു കൊണ്ട് ശമ്പളം കൊടുക്കാതെ തൊഴിലാളി സമൂഹത്തിന്റെ ,സ്ത്രീകളുടെ മാനുഷിക ആവശ്യങ്ങളെ പോലും നിരന്തരം നിഷേധിക്കപ്പെടുന്ന കഥകള്‍ അവിടെ ധാരാളം ഉണ്ട്. അവിടെ തൊഴിലാളികളോട് വഞ്ചന കാണിക്കുന്ന ,ശമ്പളം കൊടുക്കാമെന്ന ഉറപ്പുകള്‍ നിരന്തരം ലംഘിക്കുന്ന ചതിക്കുന്ന മാനേജുമെന്റിനെ നിങ്ങള്‍ എന്ത് വിളിച്ചു തലോടും ? അറിയാന്‍ ഈ പൊതു സമൂഹം ആഗ്രഹിക്കുന്നുണ്ട് .എന്നിട്ട് വിളംബരം ചെയ്യൂ എന്റെ ചതിക്കഥകള്‍ !
Discussion about this post