കൊച്ചി: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം ആരോടും പറയാതെ നാടുവിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്നാട് റെയില്‍വേ പോലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പോലീസ് കരൂരിലേക്ക് തിരിച്ചിട്ടുണ്ട്.
മേലുദ്യോഗസ്ഥന് ആക്ഷേപിച്ചതില്‍ മനംനൊന്താണ് നവാസ് വീടുവിട്ട് ഇറങ്ങിയതെന്ന് ഭാര്യ ആരോപിച്ചിരുന്നു. വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നവാസിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൊച്ചിയില്‍ നിന്നും നവാസിനെ കാണാതെയാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ മൂന്ന് ദിവസമായിട്ടും കണ്ടെത്താനാകാത്തത് പോലീസിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ നവാസിന്റെ ഭാര്യ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നവാസിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
Discussion about this post