തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഇന്ന് പണിമുടക്കില്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുന്നത്. സ്റ്റൈപ്പന്‍ഡ് വര്‍ധനയാണ് സമരക്കാരുടെ മുഖ്യആവശ്യം. ഇവര്‍ ഒപി, കിടത്തി ചികിത്സാ വിഭാഗങ്ങള്‍ ബഹിഷ്കരിക്കുന്നുണ്ട്.
അത്യാഹിത, ഐസിയു വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം. എങ്കിലും മൂവായിരത്തിലേറെ വരുന്ന ഡോക്ടര്‍മാരുടെ സമരം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
അതേസമയം, സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം തുടരാനാണ് സമരം നടത്തുന്ന ഡോക്ടര്‍മാരുടെ തീരുമാനം. 2015 ലാണ് അവസാനം സ്റ്റൈപന്റ് വര്‍ധന നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം പിജി ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരുന്നു.
Discussion about this post