വരാപ്പുഴ: സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ പാഞ്ഞ ടിപ്പറിനെ ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ കാല്‍ തല്ലിയൊടിച്ചു. മകന്റെ കണ്‍മുന്നില്‍ വെച്ചാണ് ടിപ്പര്‍ ഡ്രൈവര്‍ കാല്‍ തല്ലിയൊടിച്ചത്. അമിത വേഗത ചോദ്യം ചെയ്തത് ആദ്യം വാക്ക് തര്‍ക്കമായി, ശേഷം കൈയ്യാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു. വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്.
വരാപ്പുഴയിലുള്ള സ്‌കൂളില്‍ മകനെയാക്കാന്‍ ബൈക്കില്‍ പോകുകയായിരുന്നു പ്രവീണ്‍കുമാര്‍. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ മുട്ടുമെന്ന സ്ഥിതിയായി. ഇതോടെ ബൈക്ക് ലോറിക്ക് മുന്നില്‍ നിര്‍ത്തിയ പ്രവീണ്‍കുമാറും ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായി. പ്രദേശത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഇല്ലാതെ ഇരുവരെയും പറഞ്ഞുവിട്ടു.
തുടര്‍ന്ന് പോലീസ് സ്റ്റേഷന് അല്‍പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാക്കി. ഈ സമയം ടിപ്പര്‍ ലോറിയില്‍ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് പ്രവീണ്‍കുമാറിനെ അടിക്കുകയായിരുന്നു. പ്രവീണ്‍കുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകനും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്നാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പെട്രോ എന്നയാള്‍ക്കെതിരേ വരാപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.