ചാവക്കാട്: അബദ്ധത്തില്‍ തോട്ടില്‍ വീണ് ബോധം നഷ്ടപ്പെട്ട കുട്ടികളുടെ ജീവന് രക്ഷിച്ച് അമ്മയും അയല്‍ക്കാരിയും. തമിഴ്നാട് സ്വദേശികളായ രാജേശ്വരിയുടെയും സതീശ(കലൈഞ്ജര്‍)ന്റെയും മക്കളായ മൂന്നു വയസുകാരി തനന്യയും ഒരു വയസുകാരി അനന്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടിപ്പാലത്തിനടുത്താണ് സംഭവം നടന്നത്.
ഉറങ്ങിക്കിടന്ന അമ്മയെ അറിയിക്കാതെ വീടിനുള്ളില്‍ നിന്ന് പുറത്ത് കടന്നതായിരുന്നു ഇവര്‍. ശേഷം അവര്‍ മുറ്റത്ത് കളിക്കാന്‍ ഇറങ്ങി. ഇതിനിടെ തനന്യയുടെ ചെരിപ്പ് വീടിന് സമീപത്തെ തോട്ടിലേക്കു വീണു. ചെരിപ്പെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ഇരുവരും തോട്ടിലേക്ക് വീഴുകയായിരുന്നു. മക്കളെ വീടിനുള്ളില്‍ കാണാതിരുന്നതിന് പിന്നാലെ പുറത്തേയ്ക്ക് വന്ന രാജേശ്വരി കണ്ടത് തനന്യ തോട്ടിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ്. അനന്യ അനക്കമറ്റ് തോട്ടിലെ വെള്ളത്തിലും കരയിലുമായി കിടക്കുകയായിരുന്നു.
ആദ്യം ഒന്ന് പകച്ചുവെങ്കിലും രാജേശ്വരി അയല്‍ക്കാരി അജിതയുടെ അടുത്തേക്ക് നിലവിളിച്ചുകൊണ്ടോടി. രാജേശ്വരിയും അജിതയും ഓടിച്ചെന്ന് എടുക്കുമ്പോള്‍ കുട്ടികള്‍ ബോധരഹിതരായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ കുട്ടികളുടെ വായിലും മൂക്കിലും കയറിയ ചെളിയും വെള്ളവും അജിത നീക്കം ചെയ്യുകയായിരുന്നു. ഇതോടെ കരഞ്ഞുകൊണ്ട് ഇരുവരും കണ്ണ് തുറന്നു.
അജിതയുടെ അവസരോചിതമായ ഇടപെടലാണ് കുട്ടികളുടെ ജീവന് രക്ഷിച്ചത്. ഒരു ചുമരിനിരുവശത്തുമുള്ള വാടകവീടുകളിലാണ് രാജേശ്വരിയുടെയും അജിതയുടെയും കുടുംബങ്ങള്‍ കഴിയുന്നത്. രാജേശ്വരിയും സതീശനും വര്‍ഷങ്ങളായി ഇരട്ടപ്പുഴയിലാണ് താമസം. കൂലിപ്പണിക്കാരനായ സതീശന് അപകടസമയത്ത് വീട്ടിലില്ലായിരുന്നു. ഓവാട്ട് സുബ്രഹ്മണ്യന്റെ ഭാര്യയാണ് അജിത.
Discussion about this post