തിരുവനന്തപുരം: വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെഎം ഷാജിയുടെ ജീവിതം തുറന്ന പുസത്കമാണെന്നും അദ്ദേഹം വര്‍ഗീയവാദിയല്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
23 ശതമാനം മാത്രം മുസ്ലീം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ എങ്ങനെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടി വിജയിക്കും? വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ മുന്നോട്ടുവന്ന നേതാവാണ് അദ്ദേഹം. മതേതരവാദിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ മുന്നോട്ട് പോയത്.
ഹൈക്കോടതിക്ക് മുകളില്‍ ഇനിയും കോടതി ഉണ്ടല്ലോ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അദ്ദേഹവുമായി സംസാരിച്ചിരുന്നു. നിയമപരമായി ആലോചിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തരം നടപടികള്‍ കൊണ്ട് യുഡിഎഫിനെയോ മുസ്ലീം ലീഗിനേയോ തകര്‍ക്കാന്‍ കഴിയില്ല. പരാതിക്കാരന്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്ന് ഷാജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് കോടതിക്ക് ബോധ്യപ്പെടും. ഷാജി മത തീവ്രവാദം പ്രചരിക്കുമെന്നോ വര്‍ഗീയമായി പ്രചരണം നടത്തുമെന്നോ അദ്ദേഹത്തെ അറിയുന്ന ആരും വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.