തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ഒരു നവവധുവിന്റെയും വരന്റെയും ഫോട്ടോ. മനസ്സിന്റെ നന്മ കൊണ്ട് പ്രണയിച്ച ആറടിക്കാരനായ വരനും മൂന്നടിപ്പൊക്കമുള്ള വധുവുമാണ് ആ വൈറല്‍ താരങ്ങള്‍. തൃശൂരുകാരന് ജിനിലും കൊല്ലം സ്വദേശി എയ്ഞ്ചലുമാണ് ബാഹ്യസൗന്ദര്യത്തിനും അപ്പുറമാണ് മനപ്പൊരുത്തമെന്ന് തെളിയിച്ച് ജീവിതത്തില്‍ ഒന്നായിരിക്കുന്നത്.
കൊല്ലം സ്വദേശിയായ എയ്ഞ്ചല്‍ മേരിയുടെ അച്ഛന് ചെറുപ്പത്തിലെ മരിച്ചു.
അമ്മയും ചേട്ടനും ജോലിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. പൊക്കമില്ലായ്മ കുറവായി എയ്ഞ്ചല്‍ കണ്ടില്ല, സ്വന്തമായി മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു, പങ്കാളിയെ തേടി. നിരവധി ആലോചനകള്‍ വന്നെങ്കിലും സ്വത്തും പണവും സ്ത്രീധനം ചോദിച്ചുള്ളവയായിരുന്നു. ഇല്ലായ്മകള്‍ക്ക് നടുവില്‍ ജീവിക്കുന്ന എയ്ഞ്ചലിന് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
അങ്ങനെ, തൃശൂരില്‍ നിന്നും ജിനില്‍ എന്ന ചെറുപ്പക്കാരന്റെ ആലോചന വന്നത്. പ്രൊഫൈലില്‍ നല്കിയ വിവരങ്ങളെല്ലാം കണ്ട് എയ്ഞ്ചലിനെ വിളിക്കുകയായിരുന്നു. താല്പര്യമുണ്ടെന്നും പണമോ സ്വത്തോ ഒന്നും വേണ്ടായെന്നും പറഞ്ഞു. തിരിച്ചും താല്പര്യമുണ്ടെങ്കില് നമുക്ക് സ്നേഹിക്കാം. ജിനിലിന്റെ വാക്കുകള്‍ ഇതായിരുന്നു. ഇത്രയും കേട്ടതോടെ എയ്ഞ്ചല്‍ അയാളെ കാണുക പോലും ചെയ്യാതെ തിരിച്ചും സ്നേഹിക്കാം എന്ന് ഉത്തരം പറയുകയായിരുന്നു.
ടയര്‍ വര്‍ക്കറാണ് ജിനില്‍. ബോംബെ, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലും പോകാത്ത സ്ഥലങ്ങളില്ല. പല ജീവിതങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. സൗന്ദര്യമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തിട്ടും ജീവിതം തകര്‍ന്നു പോയവരുണ്ടല്ലോ?. അപ്പോള്‍ അതിലൊന്നുമല്ല കാര്യം എന്ന് മനസ്സിലായി. ഞാന്‍ എന്റെ വധുവിനായി അന്വേഷണം തുടങ്ങി. ഒടുവില്‍ എയ്ഞ്ചലിനെ കണ്ടെത്തുകയായിരുന്നു.
എയ്ഞ്ചലിനോടുള്ള സ്നേഹം വിവാഹത്തില്‍ കലാശിച്ചതും എങ്ങനെയെന്ന് ജിനില്‍ പറയുന്നു:
”എയ്ഞ്ചലിനെ പോലെ സമൂഹത്തില്‍ ഒരുപാട് കുട്ടികളുണ്ട്. അംഗവൈകല്യം ബാധിച്ചവരും മറ്റ് കുറവുകളുള്ളവരും. അവരെയെല്ലാം സമൂഹം കൗതുകത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. ദൈവം അവരെ അങ്ങനെ സൃഷ്ടിച്ചുപോയി. ഇവരെ കാണുമ്പോള്‍ കൗതുകമോ സഹതാപമോ അല്ല വേണ്ടത് എന്ന് എനിക്ക് തോന്നി. അവര്‍ക്കും നമ്മളെ പോലെ ജീവിക്കാന്‍ കഴിയണം. അങ്ങനെ ഞാന്‍ തീരുമാനമെടുത്തതാണ് എന്റെ ജീവിതത്തിലേക്ക് ഇങ്ങനെയൊരു പെണ്‍കുട്ടി വരണമെന്ന്”.
രണ്ട് വീട്ടുകാര്‍ക്കും ആദ്യം ചില എതിര്‍പ്പുകളുണ്ടായിരുന്നു. എയ്ഞ്ചലിന്റെ വീട്ടില്‍ ദൂരമായിരുന്നു പ്രശ്നം. മകന് നല്ല ജീവിതം ആഗ്രഹിക്കാത്ത കുടുംബക്കാരുണ്ടാകുമോ. അവരെ പക്ഷേ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇങ്ങനെയൊരു മകളോ മകനോ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഒരു ജീവിതം ആഗ്രഹിക്കില്ലേ. അത്രയേ താനും ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞു.
ഇരു വീട്ടുകാരും സമ്മതിച്ചതോടെ മാര്‍ച്ച് 17ാം തീയതി വിവാഹ നിശ്ചയം നടത്തി. മെയ് 25ന് മനസമ്മതവും 8ന് വിവാഹവും ഗംഭീരമായി തന്നെ നടന്നു. തൃശൂര്‍ വെള്ളിമണ്‍ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ വച്ചായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജിനില്‍ എയ്ഞ്ചലിനെ മിന്നുകെട്ടിയത്. ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്നാണ് രണ്ടുപേരും പറയുന്നത്. ദൈവം എന്തു തരുന്നോ അതനുസരിച്ച് പോകും.
വിവാഹശേഷം മൂന്നു ദിവസം എയ്ഞ്ചലിന്റെ വീട്ടിലായിരുന്ന ഇരുവരും ഇന്നലെയാണ് ജിനിലിന്റെ വീട്ടില്‍ എത്തിയത്. അമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും എയ്ഞ്ചലിനോട് വലിയ സ്നേഹമാണെന്ന് ജീനില്‍ പറയുന്നു. എയ്ഞ്ചലിന് ചെറിയ ഒരു ആഗ്രഹമുണ്ട്. ഹണിമൂണിന് പോകണം എന്ന്. മഴക്കാലം മാറിയിട്ട് പോകാമെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് ജിനില്‍. ചെയ്യുന്ന ജോലി തന്നെ തുടര്‍ന്ന് എയ്ഞ്ചലിനെ പൊന്നുപോലെ നോക്കുമെന്ന് ജിനിലും പിഎസ്സി പരീക്ഷയെഴുതി നല്ല ഒരു ജോലി സ്വന്തമാക്കി ജിനിലിന് കൂട്ടായി കഴിയുമെന്ന് എയ്ഞ്ചലും പറയുന്നു.
Discussion about this post