തിരുവനന്തപുരം: സംസ്ഥാനത്തെ പല തുണിക്കടകളിലും ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാതെ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യിപ്പിക്കുന്ന 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴില്‍വകുപ്പ് നടത്തിയ വ്യാപക പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തിയത്.
എന്നാല്‍ തൊഴില്‍വകുപ്പ് 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 58 സ്ഥാപനങ്ങളിലും നിയമലംഘനമുണ്ടായതായി ബോധ്യപ്പെട്ടു. ബാക്കി 128 സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയതായും കണ്ടെത്തി. നിയമലംഘനം നടത്തിയ 58 ടെക്‌സ്റ്റെയില്‍സുകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
Discussion about this post