കൊച്ചി: കേരളത്തില്‍ വീണ്ടും നിപ്പാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പറവൂരിലെ വിദ്യാര്‍ത്ഥിക്ക് എങ്ങനെയാണ് വൈറസ് പടര്‍ന്നത് എന്ന് കണ്ടെത്താന്‍ ഇന്ന് വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കും. ഇതിനായി വവ്വാലുകളെ പിടിക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വലകള്‍ സ്ഥാപിച്ചു.
ശാസ്ത്രീയമായാണ് അധികൃതര്‍ വലകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ എട്ടംഗ സംഘമാണ് വലകള്‍ സ്ഥാപിച്ചത്. വടക്കന്‍ പറവൂരില്‍ വവ്വാലുകളെ ധാരാളമായി കാണുന്ന വാവക്കാട്ട് പ്രദേശത്ത് രണ്ടു വലകളും നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിന് സമീപത്തെ ഫല വൃക്ഷ പരിസരത്ത് ഒരു വലയും സ്ഥാപിച്ചു.
നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുമായി കേന്ദ്രസംഘം നടത്തിയ കൂടിക്കാഴ്ചയില്‍ വവ്വാല്‍ കടിച്ച് ഉപേക്ഷിച്ച പോലുള്ള ഒരു പേരക്ക കഴിച്ചതായി വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. വവ്വാല്‍ കടിച്ച ഈ പേരയ്ക്ക കഴിച്ചതിലൂടെയാണ് വിദ്യാര്‍ത്ഥിക്ക് നിപ ബാധയേറ്റത് എന്ന സംശയത്തെ തുടര്‍ന്നാണ് വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത്.