തെളിവുകള്‍ സഹിതം ഉമ്മന്‍ചാണ്ടിയോട് പാലാരിവട്ടം അഴിമതി തുറന്നു പറഞ്ഞു, പക്ഷേ ഫലം യുഡിഎഫില്‍ നിന്ന് പുറത്താകേണ്ടി വന്നു; ഗണേഷ് കുമാര്‍

അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കൊല്ലം: ഇന്ന് കേരളക്കര ചര്‍ച്ച ചെയ്യുന്നത് പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയാണ്. പാലം ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നും, സിമന്റ് തീരെ ഉപയോഗിച്ചിട്ടില്ലെന്നുമുള്ള മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ ഗുരുതര പിഴവാണ് നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇപ്പോള്‍ ഈ അഴിമതിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ഗണേഷ് കുമാര്‍.

പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം പരാതിപ്പെട്ടിരുന്നുവെന്നും, പക്ഷേ പരാതി നല്‍കിയതിന്റെ പേരില്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നുവെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ തുറന്ന് പറഞ്ഞു.

Exit mobile version