തിരുവനന്തപുരം: തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. മരണശേഷം തന്റെ ശരീരത്തില്‍ പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. മരണാനന്തരം എത്രയും വേഗം ഭൗതിക ശരീരം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും സുഗതകുമാരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ അറിയിച്ചു.
മരണശേഷം നടത്താറുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുന്‍ഗാമികളുടെ പാത തന്നെയാണ് സുഗതകുമാരിയും തെരഞ്ഞെടുത്തിരിക്കുന്നത്. മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്ന് ചുണ്ടിക്കാട്ടിയ അവര്‍ അത്തരം ശവപുഷ്പങ്ങള്‍ തന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും വ്യക്തമാക്കി.
ആളുകള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്നേഹം മാത്രംമതിയെന്നും സുഗതകുമാരി വിവരിച്ചു. തന്റെ മരണ ശേഷം എന്തൊക്കെ ചെയ്യണമെന്ന് താന്‍ ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചിതാഭസ്മം ശംഖുമുഖത്ത് കടലില്‍ ഒഴുക്കണമെന്നും സഞ്ചയനവും പതിനാറും വേണ്ടെന്നും അവര്‍ വ്യക്തമാക്കി. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post