കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസിന്റെ യോഗങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉക്കടം സ്വദേശിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറുപേര്‍ക്കെതിരേ കേസെടുത്തു.
യോഗങ്ങള്‍ക്ക് നേതൃത്വം നല്കിയ മുപ്പത്തിരണ്ട്കാരനായ മുഹമ്മദ് അസ്ഹറുദ്ദീന് ആണ് അറസ്റ്റിലായത്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന് (26) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരോട് വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിഡില്‍ 300 എയര്‍ഗണ്‍ വെടിയുണ്ടകള്‍, ഒരു കഠാര, ഇലക്ട്രിക് ബാറ്റണ്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്ന് ലാപ്ടോപ്പ്, ആറ് മെമ്മറി കാര്‍ഡ്, നാല് ഹാര്‍ഡ് ഡിസ്ക്, ഒട്ടേറെ രേഖകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനങ്ങള്‍ നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ സാമൂഹ മാധ്യമങ്ങളില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മേയ് 30ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുതല്‍ കോയമ്പത്തൂരില്‍ പരിശോധന തുടങ്ങിയത്. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരന്‍ സഹ്റാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സംഘത്തിലെ മിക്കവരും സഹ്റാനുമായി സാമൂഹ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന കാസര്‍കോട്ടെ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിന്‍ ഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവര്‍ പലതവണ യോഗം ചേര്‍ന്നതായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post