പാലക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതിനു പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്. ഒരു കിലോ മത്തിക്ക് 300 രൂപയും അയിലയ്ക്ക് 340 രൂപയുമാണ് ഇപ്പോഴത്തെ വില. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും ഇവ രണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്. ഇനി അഥവാ കിട്ടിയിലാല്‍ തന്നെ പൊന്നും വില കൊടുക്കേണ്ടതായും വരും എന്ന് സാരം.
പാലക്കാടാണ് ഒരു കിലോ മത്തിക്ക് 300 രൂപ എന്ന് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. വില ഉയര്‍ന്നതോടെ ഇരുചക്രവാഹനങ്ങളിലെ മത്തി വില്‍പ്പന കുറഞ്ഞു. ഇതു മാത്രമല്ല, പച്ചമീനുകള്‍ക്കെല്ലാം തന്നെ വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി.
120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ 140 മുതല്‍ 180 രൂപവരെയായിരുന്നു വില. കടല്‍ മീന്‍വരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു.
തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. ജില്ലയിലേക്കുള്ള മീന്‍വരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളില്‍ ഹോള്‍സെയില്‍ വില്പനയ്ക്കായി 25 ലോഡ് മീന്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്.
Discussion about this post