വേങ്ങര: ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്താന്‍ ശ്രമിച്ചെന്നവ്യാജേന ജയിലിലടച്ച യുവാവിനെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതെന്ന് പോലീസ്. അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുശേഷമാണ് പോലീസിന് തെറ്റ് മനസിലായത്. എന്നാല്‍ കഞ്ചാവ് വച്ചവരെ പിടികൂടാന്‍ വ്യക്തമായ സൂചനകളുണ്ടായിട്ടും പോലീസിന് കഴിയുന്നില്ല.
ക്വാറി, മണല്‍മാഫിയയുമായി ബന്ധമുള്ള ആള്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതെന്നാണ് പോലീസിന്റെ സൂചന. കാരാത്തോട് ടൗണില്‍ വച്ചാണ് വേങ്ങര പോലീസ് ഫാജിദിനെ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി രണ്ടേകാല്‍ കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. കാരാത്തോട് ടൗണിലെ യുണൈറ്റഡ് ക്ലബിന്റെ പ്രസിഡന്റ് കൂടിയായ ഓട്ടോ ഡ്രൈവര്‍ ഫാജിദിന് കഞ്ചാവുമായി ബന്ധമുണ്ടാകില്ലെന്ന് നാടാകെ ഉറപ്പിച്ചു പറഞ്ഞതോടെ പോലീസ് വിശദമായി അന്വേഷണം നടത്തി. നാട്ടുകാര്‍ നല്‍കിയ തെളിവു കൂടി പരിശോധിച്ചതോടെ രണ്ടു പേര്‍ ചേര്‍ന്ന് കഞ്ചാവ് കൊണ്ടുവന്നു വച്ചതാണന്ന സംശയം ബലപ്പെട്ടു. ഇതോടെ വടകരയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫാജിദിന് ഏഴു ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.
അപമാനഭാരം മൂലം മക്കളെ സ്‌കൂളില്‍ വിടാനോ വീട്ടുകാര്‍ക്ക് മുന്നില്‍ തലഉയര്‍ത്തി നില്‍ക്കാനോ കഴിയാതെ ഈ കുടുബം വിഷമത്തിലായി. ആകെയുളള വരുമാനമായ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഫാജിദിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക തര്‍ക്കങ്ങളുടെ പേരില്‍ ചില ശത്രുക്കള്‍ ചേര്‍ന്ന് കുടുക്കിയതാണന്നാണ് പോലീസിന് ലഭിച്ച വിവരം. കഞ്ചാവ് വച്ചവരെക്കുറിച്ച് നാട്ടുകാര്‍ തന്നെ പോലീസിന് സൂചന നല്‍കിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകുകയാണ്..
Discussion about this post