അബുദാബി: പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ പ്രതിയും ഇയാളുടെ പുറകെ ഓടിയ പോലീസുകാരനും കാല്‍വഴുതി മാന്‍ഹോളില്‍ വീണു. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസും പ്രതിയുമാണ് മാന്‍ഹോളില്‍ വീണത്. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അബുദാബിയിലാണ് സംഭവം.
മയക്കുമരുന്ന് കൈവശം വെയ്ക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കാല്‍വഴുതി പ്രതി മാന്‍ഹോളിലേക്ക് വീണു. പ്രതിയെ പിടികൂടാനായി പിന്തുടര്ന്നെത്തിയ പോലീസുകാരനും മുന്നില്‍ മാന്‍ഹോള്‍ ഉള്ള കാര്യം അറിയാതെ മുന്നോട്ട് നീങ്ങിയതോടെ ഇതിലേക്ക് വീഴുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്ക് അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി 10,000 ദിര്‍ഹം പിഴയും ഒരു മാസം തടവു ശിക്ഷയും വിധിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് പുറമെ അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ കോടതി വിധിക്കെതിരെ പ്രതി അപ്പീല്‍ നല്കി. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നും ഇയാള്‍ വാദിച്ചു. മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്ന ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിയുടെ അച്ഛന് കോടതിയെ അറിയിച്ചു. മാനസിക പ്രശ്നങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ മാത്രമാണ് ഇയാള്‍ കഴിച്ചതെന്നും പിതാവ് പറഞ്ഞു. കൂടാതെ ചികിത്സാ രേഖകളും കോടതിയില്‍ ഹാജരാക്കി. കേസ് ജൂണ്‍ 25ലേക്ക് മാറ്റിവെച്ചു.
Discussion about this post