തൃശൂര്‍: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാര്‍ട്ടൂണിന്റെ പേരില്‍ വിവാദം കനക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്. അവാര്‍ഡ് പുനഃപരിശോധിക്കുമെന്നും കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്ന് തന്നെയാണ് അക്കാദമിയും വിലയിരുത്തുന്നതെന്ന് നേമം പുഷ്പരാജ് പറഞ്ഞു. സുഭാഷ് കെകെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.
നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എകെ ബാലനും രംഗത്ത് വന്നിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണമെന്നും മന്ത്രി എകെ ബാലന് പറഞ്ഞിരുന്നു.
അവാര്‍ഡ് കമ്മറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി എകെ ബാലന് അഭിപ്രായപ്പെട്ടു. പൂവന് കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നില്‍പ്പ് പോലീസിന്റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും എന്നതായിരുന്നു കാര്‍ട്ടൂണ്‍.
പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാന് സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Discussion about this post