രാത്രി യാത്ര ബാലഭാസ്‌കറിന്റെ സ്വന്തം തീരുമാനം; പൂജയും ഹോട്ടല്‍മുറിയും ബുക്ക് ചെയ്തത് ബാലഭാസ്‌കര്‍ തന്നെ; ദുരൂഹതകള്‍ ഓരോന്നായി നീങ്ങുന്നു

ഇതോടെ രാത്രിയാത്രയെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ശമനമായി.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടദിവസം രാത്രി യാത്രയ്ക്ക് തയ്യാറെടുത്തത്‌ മറ്റാരുടേയും പ്രേരണയാലല്ല, സ്വന്തം തീരുമാനപ്രകാരമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ രാത്രിയാത്രയെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ശമനമായി. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശ്ശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തതും ബാലഭാസ്‌കര്‍ തന്നെയെന്നും കണ്ടെത്തി.

തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു നേരത്തെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്ന ആരോപണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് സ്ഥിരീകരിച്ചു. തൃശ്ശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതിനാല്‍ ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി. അതിനാല്‍, രാത്രി ഹോട്ടലില്‍ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്നു തീരുമാനിച്ചതാണെന്ന സംശയം നിലനില്‍ക്കില്ല.

ഇതോടൊപ്പം, പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ബാലഭാസ്‌കറും ഭാര്യയും കുഞ്ഞും പങ്കെടുത്തതെന്ന സംശയവുമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജയെന്നും മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പങ്കെടുത്തതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നെന്നും ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്.

Exit mobile version