തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നതിനിടെ ബാലഭാസ്കറിന്റേയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്കര്‍, പ്രകാശന് തമ്പി, വിഷ്ണു, പാലക്കാട്ടെ പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകള്‍ക്കും കളക്ടര്‍മാര്‍ക്കും ക്രൈംബ്രാഞ്ച് കത്തു നല്‍കും. റിസര്‍വ് ബാങ്കിന്റെ സഹായവും തേടാനാണ് ആലോചന.
അതേസമയം, ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ടതു ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാകാമെന്നു ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി ക്രൈംബ്രാഞ്ചിനു മൊഴി നല്കി. ദുരൂഹമായി ഒന്നും അപകട സമയത്ത് സംഭവിച്ചിട്ടില്ലെന്നും ഡ്രൈവര്‍ ഉറങ്ങിയത് തന്നെയാണ് അപകടത്തിന് കാരണമെന്നാണ് തന്റെ നിഗമനമെന്നും അജി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡ്രൈവിങ് സീറ്റില്‍ കണ്ടതു ബാലഭാസ്കറിനെയാണെന്ന് ആവര്‍ത്തിച്ച അജി ബാലഭാസ്കറിനെ മുന്‍പ് അറിയില്ലായിരുന്നുവെന്നും മൊഴി നല്കി. അപകടം നേരില്‍ കണ്ട അജി പറയുന്നത് താന്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസും ബാലഭാസ്കറിന്റെ ഇന്നോവ കാറും മറ്റൊരു വെള്ള കാറും ആറ്റിങ്ങലില്‍ വെച്ച് ഒരു കണ്ടെയ്നര്‍ ലോറിയെ മറികടന്നു.
അതിനു ശേഷം വെള്ള കാര്‍ മുന്നോട്ടു പോയെങ്കിലും ബാലഭാസ്കറിന്റെ കാര്‍ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ഈ മൊഴിയില്‍ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്നത് ആറ്റിങ്ങല്‍ മുതല്‍ അപകടം നടന്നതു വരെ ദുരൂഹതയുള്ള ഒന്നും സംഭവിച്ചില്ലെന്നതാണ്. വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവര്‍ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്ക്കെടുക്കുന്നു.
Discussion about this post