ഒരു പണിയും ചെയ്യാത്തവന്മാര്‍, കള്ളാണ് കഞ്ചാവാണ്…എന്നൊക്കെ പൊതുവെ താടി നീട്ടിയവര്‍ക്കെതിരെ ഉയരുന്ന ചീത്തപ്പേരുകളാണ്. എന്നാല്‍ താടിക്കാരേപ്പറ്റി പൊതുവേ പറഞ്ഞു കേള്‍ക്കുന്ന പേരുദോഷം മാറ്റാന്‍, നാടിനു ഗുണമുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് ഒരുപറ്റം സന്മനസ്സുള്ള ഈ താടിച്ചേട്ടന്മാര്‍. താടി വളര്‍ത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഓള്‍ കേരള ബിയേര്‍ഡ് ക്ലബ്ബ് പ്രവര്‍ത്തകരായ ഈ താടിക്കാര്‍.
മാസം തോറും ഇവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. ഇത്തവണ മലപ്പുറം വണ്ടൂരിലെ വേദ ഗായത്രി ബാലിക സദനമാണ് ഇതിനായി താടിക്കാര്‍ തെരഞ്ഞടുത്തത്. പല വലിപ്പത്തില്‍ നീട്ടി വളര്‍ത്തിയ താടിയുമായി സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള ഇരുന്നൂറോളം അംഗങ്ങളാണ് മലപ്പുറം വേദ ഗായത്രി ബാലികാ സദനത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായെത്തിയത്. ഇവര്‍ക്ക് ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയതിനു പുറമേ ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചിട്ടാണ് ഈ താടിച്ചേട്ടന്മാര്‍ മടങ്ങിയത്.
നിലവില്‍ ക്ലബ് പ്രസിഡന്റായ കാസര്‍ക്കോട് സ്വദേശി ഷോഭിത്ത് പ്രശാന്താണ് താടിക്കാരുടെ കൂട്ടായ്‌മെന്ന ആശയവുമായി KBC Club എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. 2016 ഒക്ടോബറില്‍ തുടങ്ങിയ പേജിലെ സമാന ആശയമുള്ള അന്‍പതോളം പേര്‍ ചേര്‍ന്ന് പിന്നീട് കെബിസി കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
നാടിനു ഗുണമുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ പിന്നീട്
എല്ലാ മാസവും ഓരോ ജില്ലകളിലായി വിവിധ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും തുടങ്ങി. കാരുണ്യ പ്രവര്‍ത്തനത്തിനായുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്നതും ഈ താടിച്ചേട്ടന്മാര്‍ തന്നെയാണ്.