തിരുവനന്തപുരം: കേരളത്തില്‍ വിവിധ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന. 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും പതിനഞ്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലുമാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ‘ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്’ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധ നടന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് അനധികൃതമായി പണം വാങ്ങുന്നുവെന്നും അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുകള്‍, റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിനുള്ള ഫയലുകളില്‍ താമസം വരുത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
അധ്യാപകരുടെ നിയമന അംഗീകാരത്തിനായി വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദീകരിക്കുന്നത്. മലപ്പുറത്ത് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.
ജൂനിയര്‍ സൂപ്രണ്ട് ശ്രീകുമാറിന്റെ കൈവശമായിരുന്നു പണം. മലപ്പുറം ജില്ലയില്‍ മൂന്ന് സ്‌കൂളുകളിലാണ് പരിശോധന നടക്കുന്നത്. എറണാകുളത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലും കോതമംഗലത്ത് രണ്ട് സ്‌ക്കൂളുകളിലും പരിശോധന നടക്കുന്നുണ്ട്.