പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി.

കെഎസ്ഇബിയെയും ചീഫ് സെക്രട്ടറിയെയും കക്ഷിചേര്‍ത്താണ് കോടതി കേസെടുത്തിരിക്കുന്നത്. കക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കെഎസ്ഇബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍ നടപടികളിലേയ്ക്ക് കടക്കും. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമായത്.

Exit mobile version