തിരുവനന്തപുരം: കുട്ടികളെ ചൂഷണം ചെയ്യുന്നവരെ വലയിലാക്കാന്‍ കേരളാ പോലീസിനെ ഇനി ഇന്റര്‍ പോള്‍ സഹായിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്റര്‍പോള്‍ സംഘം കൂടിക്കാഴ്ച നടത്തി. കേരള പോലീസ് നടപ്പാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ സംഘം കേരളത്തിലെത്തിയത്.
പോലീസും ഇന്റര്‍പോളും യോജിച്ച് ഇന്ത്യയിലെ ആദ്യ സംയുക്ത അന്വേഷണ യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ തീരുമാനമായി. ഇതേ തുടര്‍ന്ന് പോലീസിലെ സൈബര്‍ വിദഗ്ധര്‍ക്ക് ഇന്റര്‍പോള്‍ പ്രത്യേക പരിശീലനം നല്‍കും. കേസ് അന്വേഷണത്തിന് പ്രത്യേക ഓഫീസും തുടങ്ങും. കൂടാതെ, പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറും തുടങ്ങും.
കുട്ടികള്‍ക്കെതിരായ ചൂഷണക്കേസുകളില്‍ അന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ഡോമിന് കൈമാറും. സൈബര്‍ വിദഗ്ധരുടെ സേവനവും ഉറപ്പാക്കും.