തൃശ്ശൂര്‍: കനത്ത മഴയിലും കാറ്റിലും ഇന്നലെ തൃശ്ശൂര്‍ എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. തൃശ്ശൂര്‍-പൂങ്കുന്നം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. സംഭവം സ്‌റ്റേഷനില്‍ അറിയിക്കാന്‍ മഴയത്ത് ട്രാക്ക് വുമണ്‍ ഓടിയതാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. കോരി ചൊരിയുന്ന മഴയിലും അപകടം ഒഴിവാക്കാനുള്ള ആ ആത്മാര്‍ത്ഥയ്ക്കാണ് കൈയ്യടി നേടികൊടുക്കുന്നത്.
ആ ഓട്ടം ഇന്നലെ നിരവധി യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. ലിനി നല്‍കിയ വിവരമനുസരിച്ച് അടിയന്തരമായി ഗതാഗതം നിര്‍ത്തിവയ്പ്പിക്കുമ്പോള്‍ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടസ്ഥലത്തിന് 75 മീറ്റര്‍ അകലെ എത്തിയിരുന്നു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. ദിവാന്‍ജിമൂല മേല്‍പാലത്തിനു സമീപത്താണ് ഇന്നലെ വൈകുന്നേരം 3.45നാണ് കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണത്. സമീപത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിശ്രമ മുറിയിലിരിക്കുകയായിരുന്നു ട്രാക്ക് വുമണായ പാലക്കാട് നല്ലേപ്പിള്ളി പുത്തന്‍വീട്ടില്‍ ലിനി.
സ്‌ഫോടനസമാനമായ ശബ്ദവും പുകയും തീയും കണ്ട് ലിനി ഉടന്‍ സ്റ്റേഷനിലേക്കു ട്രാക്കിലൂടെ മഴ നനഞ്ഞ് ഓടുകയായിരുന്നു. ഈ സമയം കുര്‍ള എക്‌സ്പ്രസ് തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നു. സ്റ്റേഷന്‍ മാനേജര്‍ ജയകുമാറും സംഘവും ഉടന്‍ ട്രെയിന്‍ പിടിച്ചിടാന്‍ നിര്‍ദേശം നല്‍കിയ ശേഷം പൂങ്കുന്നം സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വലിയ ദുരന്തങ്ങളാണ് വഴിമാറിയത്. ഇരു ട്രാക്കുകള്‍ക്കും കുറുകെയാണ് തെങ്ങ് വീണത്. വൈദ്യുത കമ്പികള്‍ പൊട്ടുകയും ചെയ്തിരുന്നു. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തിയാണ് തെങ്ങ് വെട്ടിമാറ്റിയത്.