പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്കായി സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ പിരിച്ചെടുത്ത ചികിത്സാ സഹായധനം പിടിച്ചുവെച്ച ബാങ്ക് ഓഫ് ഇന്ത്യ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തം. ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്കായാണ് ഫിറോസ് പണം പിരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഈ തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു തരുന്നില്ലെന്നാണ് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ പുറംലോകത്തോട് പരാതിപ്പെട്ടത്. ഇതോടെയാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
ബോയ്കോട്ട് ബാങ്ക് ഓഫ് ഇന്ത്യ, സപ്പോര്‍ട്ട് ഫിറോസ് കുന്നംപറമ്പില്‍ തുടങ്ങിയ ഹാഷ്ടാഗുകളില്‍ പ്രതിഷേധം കനക്കുകയാണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജിലാണ് ഫേസ്ബുക്ക് യൂസര്‍മാരായ മലയാളികളുടെ രൂക്ഷ പ്രതികരണം. ‘പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം നിങ്ങള്‍ക്ക് കക്കാന്‍ പോയിക്കൂടെ’ എന്നും എത്രയും വേഗം പണം തിരിച്ച് കൊടുത്തില്ലെങ്കില്‍ ബാങ്ക് പൂട്ടിക്കുമെന്നൊക്കെയാണ് പ്രതിഷേധക്കാരുടെ ഭീഷണി.
‘ഈ കൊള്ള അനുവദിക്കാന്‍പാടില്ല, വാഹന അപകടത്തില്‍ പെട്ട് മരണത്തോട് പൊരുതി കൊണ്ടിരിക്കുന്ന 3 കുട്ടികള്‍ക്കായി വന്ന ഒരു കോടി പതിനേഴ് ലക്ഷം രൂപ തടഞ്ഞു വച്ച് ചികിത്സ തടസപ്പെടുത്തിയ ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ #പ്രതിഷേധിക്കുക, #പ്രതികരിക്കുക’ തുടങ്ങിയ ഹാഷ്ടാഗുകളിലായി ഫേസ്ബുക്കിലും ബാങ്ക് ഓഫ് ഇന്ത്യയുടെ പേജിലും മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
റംസാന് കാലത്ത് അപകടത്തില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടിയത്. ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നത്. ഇതിന് ശേഷം ബാങ്ക് പണം അനുവദിച്ചിട്ടില്ല. സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്നായിരുന്നു ഫിറോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത്.
പണം പിന്‍വലിക്കാനായി ചെക്ക് ചോദിച്ചപ്പോള്‍ ചെക്ക് തന്നില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, പിന്നീട് അഡ്വക്കേറ്റുമായി സംസാരിച്ചപ്പോള്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞു. അതിന് ശേഷം ആറു ദിവസമായെന്നും ഇതുവരെ തീരുമാനമായില്ലെന്നും ഫിറോസ് പറയുന്നു.
Discussion about this post