വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു ഇളംബഹവതിന്റെ കുടുംബം ജീവിച്ചത്. എന്നാല്‍ പിതാവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമില്ലാതായി. ഇതോടെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയ അമ്മയെ സഹായിക്കാനായി ഇളംബഹവതിന് പന്ത്രണ്ടാം ക്ലാസ് പഠനവും ഉപേക്ഷിക്കേണ്ടി വന്നു. പട്ടിണിയും ദാരിദ്രവും ജീവിതത്തെ കാര്‍ന്നു തിന്നുമ്പോഴും സിവില്‍ സര്‍വ്വീസ് എന്ന മോഹം ഇളംബഹവതിന്റെയുള്ളില്‍ ഭദ്രമായി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
കൃഷിയില്‍ നിന്ന് തുച്ഛമായ വരുമാനം മാത്രം ലഭിച്ചതിനാല്‍ ജീവിക്കാനായി ഇളംബഹവത് ജൂനിയര്‍ അസിസ്റ്റന്‍ഡ് പോലുള്ള ചെറിയ തസ്തികകളിലേക്ക് അപേക്ഷിച്ചു. എന്നാല്‍ എവിടെയും ജോലി കിട്ടിയില്ല. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ആ ജോലി നല്‍കിയെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നീടുള്ള ഒമ്പത് വര്‍ഷത്തോളം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഇളംബഹവതിനെ സഹായിക്കാന്‍ ആരും തയ്യാറായില്ല.
ഉച്ചവരെ കൃഷിയിടത്തിലും ശേഷം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി അന്വേഷിച്ചുള്ള നടത്തത്തിലുമായി ഇളംബഹവത്. എന്നാല്‍ ജീവിതം പഴയതു പോലെ തന്നെ നിരങ്ങി നീങ്ങി, ഒന്നിനും മാറ്റമുണ്ടായില്ല. പല ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഇളംബഹവതിന് പല മോശമായ അനുഭവങ്ങളുണ്ടാവുകയും ചെയ്തു. അന്നുമുതല്‍ പല കാര്യങ്ങളിലും മാറ്റങ്ങള്‍ വരണമെന്ന് ഈ യുവാവ് മനസ്സില്‍ ആഗ്രഹിച്ചു. മാറ്റങ്ങള്‍ വരുത്തുമെന്ന് മനസ്സില്‍ ഉറപ്പിച്ചു.
അതിനുശേഷമാണ് ഇളംബഹവത് സ്വന്തംനിലയില്‍ സിവില്‍ സര്‍വ്വീസ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതും മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ഹിസ്റ്ററിയില്‍ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തത്. സമീപത്തുള്ള പബ്ലിക് ലൈബ്രറിയില്‍ നിന്നാണ് ഇളംബഹവത് സിവില്‍ സര്‍വ്വീസിനുള്ള പഠനം ആരംഭിച്ചത്. ഈ യുവാവിനൊപ്പം മറ്റ് ഒമ്പത് പേരുമുണ്ടായിരുന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററായ പണീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണപിന്തുണയുമായി സഹായത്തിനുമുണ്ടായിരുന്നു.
പിന്നീട് തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് യോഗ്യത നേടിയ ഇളംബഹവത് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യത്തെ മൂന്ന് തവണയും പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹം പല പിഎസ് സി പരീക്ഷകളും എഴുതി. അതില്‍ പല ജോലികളും നേടിയെങ്കിലും സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം വേട്ടയാടിയിരുന്നതിനാല്‍ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പല തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെങ്കിലും ഇളംബഹവത് എല്ലാറ്റിലും പരാജയപ്പെട്ടു. എന്നാല്‍ പരാജയത്തില്‍ നിരാശനാകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ അദ്ദേഹം 2015-ല്‍ 117-ാം റാങ്ക് സ്വന്തമാക്കി സ്റ്റേറ്റ് കേഡറില്‍ ഐഎഎസ് ഓഫീസറായി. 2016-ല്‍ ഇളംബഹവത് റാണിപേട്ട് സബ്കളക്ടറായി നിയമിതനുമായി.
ജനങ്ങളുടെ ശബ്ദം കേള്‍ക്കാനും സങ്കടങ്ങള്‍ പരിഹരിക്കാനുമാണ് താന്‍ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറയുന്നു. പോരാട്ടത്തിന്റെ നീണ്ട അധ്യായം പിന്നിട്ട് ഐഎഎസ് എന്ന കടമ്പ വിജയകരമായി കടന്ന റാണിപേട്ട് സബ്കളക്ടര്‍ കെ ഇളംബഹവതിന്റെ ജീവിതം എല്ലാവര്ക്കും ഇന്ന് ഒരു മാതൃക തന്നെയാണ്.
Discussion about this post