തിരൂര്‍: അറക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയ്യില്‍ നിന്നും തെന്നിയോടിയ കോഴിയുടെ പുറകെ ഓടിയ കടയുടമ കിണറ്റില്‍ വിണു. പകരയില് കോഴിക്കട നടത്തുന്ന താനാളൂര്‍ സ്വദേശി കൊന്നേക്കാട് തടത്തില്‍ അലി(40)യാണ് കാല്‍വഴുതി കിണറ്റില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിയെ രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
കോഴിക്കടയില്‍നിന്ന് കോഴിയെ അറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അറവുകാരനും കടയുടമയുമായ അലിയുടെ കൈയില്‍നിന്ന് കോഴി തെന്നിയോടുകയായിരുന്നു. ഇതിന് പിന്നാലെയോടിയ അലി കടയ്ക്കടുത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കാല്‍വഴുതി വീണു. അറുപതടിയോളം താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിലേക്കാണ് ഇയാള്‍ വീണത്.
വിവരമറിഞ്ഞ് എത്തിയ ചേലാട്ട് മുനീര്‍, ഒപി റഷീദ് എന്നിവര്‍ കിണറ്റിലിറങ്ങി അലിയെ എടുത്ത് കിണറ്റിനടിയിലെ പാറക്കെട്ടിലേക്ക് മാറ്റിക്കിടത്തി. ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇവര്‍ക്ക് അലിയെ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരൂര്‍ അഗ്നിരക്ഷാസേനയെ നാട്ടുകാര്‍ വിവരമറിയിച്ചു.
സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സേനാംഗങ്ങള്‍ ഒരുമണിക്കൂറോളം പരിശ്രമിച്ച് അലിയെ കരയ്ക്കുകയറ്റുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ എംകെ പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ നൂറി ഹിലാല്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അലിയെ രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Discussion about this post