കോട്ടയം: നിറയെ യാത്രക്കാരുമായി കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍ ദൂരം. മൂവാറ്റുപുഴയില്‍ ശനിയാഴ്ച രാത്രി പത്തോടെ സംഭവം നടന്നത്. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന RSK 644 നമ്പര്‍ ബസാണ് മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്.
കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ യാത്ര തുടരുന്നതിനിടെ തിങ്ങിനിറഞ്ഞ ബസില്‍ യാത്രക്കാര്‍ സിംഗിള്‍ ബെല്ലടിച്ചും ഡബിളടിച്ചും സ്വയം കണ്ടക്ടര്‍മാരായി. ഒടുവില്‍ കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവര്‍ ബസുമായി യാത്ര തുടരാന്‍ തുടങ്ങി. അതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിട്ടു.
ബത്തേരിയില്‍ നിന്നും യാത്രക്കാരുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ ബസില്‍ നിന്നും പുറത്തിറങ്ങി. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ടക്ടര്‍ ബസില്‍ തിരികെ കയറും മുമ്പ് യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചു. അതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായത്. തിരിക്കിനിടെ യാത്രക്കാരന്റെ കൈ അബദ്ധത്തില്‍ തട്ടുകയായുരുന്നു.
ബെല്ലടിച്ചതോടെ ഒന്നും നോക്കാതെ ആനവണ്ടി യാത്ര തുടരുകയും ചെയ്തു. എന്നാല്‍ ബസില്‍ കണ്ടക്ടര്‍ ഇല്ലെന്ന വിവരം യാത്രക്കാരും ശ്രദ്ധിച്ചിരുന്നില്ല. തിരികെ കയറാനെത്തിയ കണ്ടക്ടര്‍ ബസ് കാണാതായതോടെ ഡിപ്പോയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുമ്പ് അവിടെയും വിവരമറിയിച്ചു. തുടര്‍ന്നാണ് ബസ് ഇവിടെ പിടിച്ചിട്ടത്. ഒടുവില്‍ മറ്റൊരു ഡ്രൈവര്‍ മൂവാറ്റുപുഴയില്‍ നിന്ന് കണ്ടക്ടറെ ബൈക്കില്‍ കൂത്താട്ടുകുളത്ത് എത്തിച്ച ശേഷമാണ് ബസ് കോട്ടയത്തേക്കു യാത്ര തുടര്‍ന്നത്.
Discussion about this post