നിപ്പാ ആശങ്കകള്‍ ഒഴിഞ്ഞു; അതിജീവിച്ച് കേരളം

ഉറവിടം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

കൊച്ചി: നിപ്പാ നിയന്ത്രണ വിധേയമാവുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ വൈറസിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തുരത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. നേരത്തെ നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 52 പേര്‍ക്കും നിപ്പാ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയതോടെയാണ് നീണ്ട ആശങ്കകള്‍ ഒഴിഞ്ഞത്.

ഒരു വര്‍ഷത്തിനകം വീണ്ടും നിപ്പാ ബാധയുണ്ടാകാം എന്ന് കഴിഞ്ഞ വര്‍ഷംതന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മെയ് മാസത്തില്‍ത്തന്നെ വേണ്ട മുന്‍കരുതല്‍ എടുക്കാനും മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം നിപ്പാ കാലം കഴിയാന്‍ നില്‍ക്കവേയാണ് വീണ്ടും എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് ജൂണ്‍ നാലിന് നിപ്പാ ബാധ സ്ഥിരീകരിച്ചത്.

കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പനിയും ചില രോഗലക്ഷണങ്ങളുമായി ഇന്നലെ എത്തിയ രോഗിക്കും നിപ്പായില്ലെന്ന പരിശോധനാ ഫലം ലഭിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോഴുള്ള ഏഴ് പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കി. നിപ്പാ രോഗലക്ഷണങ്ങളുമായി ഇന്നലെ വരെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത് 11 പേരാണ്. അസുഖം ഭേദമായതിനെത്തുടര്‍ന്ന് ഇതില്‍ അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ഇപ്പോള്‍ ഇവിടെയുള്ളത് ആറുപേരാണ്. ഇവര്‍ക്കും നിപ്പയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപ്പായില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച 12 പേര്‍ക്കും രോഗബാധയില്ലെന്ന് വ്യക്തമായി.

രോഗിയുമായി ബന്ധം പുലര്‍ത്തി 14 ദിവസത്തിനകമാണ് നിപ്പാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. ഇവരുടെ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യും.

Exit mobile version