ഞങ്ങള്‍ പരമാവധി ഒതുക്കി കൊടുത്തു, വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല; പാലക്കാട് എട്ട് ജീവന്‍ പൊലിയാന്‍ ഇടയായ അപകടത്തെ കുറിച്ച് ലോറി ഡ്രൈവര്‍

ഇടിയുടെ ആഘാതത്തില്‍ ഇവര്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

തണ്ണിശ്ശേരി: പാലക്കാട് നഗരത്തെ നടുക്കിയ അപകടമാണ് ഇന്നലെ വൈകുന്നേരം തണ്ണിശ്ശേരി വളവില്‍ നടന്നത്. അപകടത്തില്‍പ്പെട്ട് എട്ട് പേരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. ഇന്നലെ വൈകുന്നേരം ആയിരുന്നു ഞെട്ടിച്ച അപകടം നടന്നത്. ഇപ്പോള്‍ അപകടത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലോറിയുടെ ഡ്രൈവര്‍. തണ്ണിശ്ശേരി വളവിലെത്തും മുമ്പേതന്നെ മറ്റൊരു വണ്ടിയെ മറികടന്ന് ആംബുലന്‍സ് പാഞ്ഞുവരുന്നത് കണ്ടു.

ഞങ്ങള്‍ പരമാവധി ഒതുക്കിക്കൊടുത്തു. വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല- ലോറി ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുള്‍ ഹുറൈര്‍ അലി പറയുന്നു. ആശുപത്രിയില്‍ വെച്ചാണ് അലി അപകടത്തെ കുറിച്ച് പറഞ്ഞത്. ഹുറൈറിനെക്കൂടാതെ പൊന്നാനി സ്വദേശി ഫൈസല്‍ (45), പുതുനഗരം സ്വദേശി അബ്ദുള്‍ സെയ്ദ് (45) തുടങ്ങിയവരുമുണ്ടായിരുന്നു ലോറിയില്‍. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഇപ്പോള്‍ പാലക്കാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് മൂന്നുപേരും. പൊന്നാനിയില്‍നിന്ന് മീനുമായി കോയമ്പത്തൂരിലെത്തി ലോഡിറിക്കിയശേഷം പുതുനഗരത്തേക്ക് പോവുകയായിരുന്നു ലോറി. നെല്ലിയാമ്പതിയിലേയ്ക്ക് യാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുംപോകും വഴിയാണ് ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ് മറ്റൊരു അപകടത്തില്‍ മരണപ്പെട്ടത്.

Exit mobile version