പാലക്കാട്: ആംബുലന്‍സില്‍ സ്ഥലമില്ലാത്തതിനാല്‍ കയറാന്‍ സാധിക്കാതിരുന്ന ജംഷീറിന് തിരികെ ലഭിച്ചത് പുതു ജീവന്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് വാടാനംകുറുശ്ശിയില്‍ നിന്ന് നെല്ലിയാമ്പതിയിലേയ്ക്ക് ജംഷീര്‍ അടങ്ങുന്ന നാലംഗ സംഘം യാത്ര പോയത്. വാസ്, ഉമറുല്‍ ഫാറൂഖ്, ഷാഫി എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍.
എന്നാല്‍ നെല്ലിയാമ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരപ്പാലത്ത് കൊക്കയിലേക്കു മറിയുകയായിരുന്നു. നിസാര പരിക്കോടെ ജംഷീര്‍ മുകളിലേയ്ക്ക് പിടിച്ചു കയറി റോഡിലേയ്ക്ക് എത്തിപ്പെട്ടു. വഴിയില്‍ കണ്ട കെഎസ്ആര്‍ടിസി ബസിന് കൈകാണിച്ച് അപകട വിവരം പറയുകയായിരുന്നു.
ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റു കിടന്നിരുന്നവരെ മുകളിലെത്തിച്ച് നെന്മാറയിലെ ആശുപത്രിയിലാക്കി. 4 പേര്‍ക്കും നിസാര പരിക്കുകളെ ഉണ്ടായിരുന്നുള്ളൂ. കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് നാട്ടില്‍ നിന്ന് സുബൈര്‍, നാസര്‍ എന്നിവരും ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സില്‍ ജംഷീര്‍ ഒഴികെയുള്ളവര്‍ കയറി.
സ്ഥലമില്ലാത്തതിനാലാണ് ജംഷീറിനു വാഹനത്തില്‍ കയറാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ എല്ലാവരെയും കയറ്റി കൊണ്ടുപോയ ആംബുലന്‍സ് ലോറിയില്‍ ഇടിക്കുകയായിരുന്നു. നഗരത്തെ നടുക്കിയ ആ അപകടത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഷാഫി ഒഴികെയുള്ള എട്ട് പേരാണ് മരിച്ചത്. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവര്‍ന്നെടുത്തത് ജംഷീര്‍ അറിയുന്നത്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്ന് കരകയറിയതും മറ്റുള്ളവരുടെ ജീവന് പൊലിഞ്ഞതും വിശ്വസിക്കാന്‍ ജംഷീറിന് കഴിഞ്ഞിട്ടില്ല.
Discussion about this post